മലയാളം മിഷൻ കർണാടക ചാപ്റ്റർ -കോവിഡ് 19 ഹെല്പ് ഡസ്ക്
കർണാടക മലയാളം മിഷനും വിവിധ മലയാളി മത-സാംസ്കാരിക സംഘടനകളും കൈകോർത്തു കോവിഡ് ഹെൽപ്പടെസ്ക് മിഷൻ മാർച്ച് രണ്ടാം വാരം മുതൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയയിൽക്കൂടെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയുള്ള സയന്റിഫിക് വിശദീകരണങ്ങൾ , മഹാമാരിയെ ചെറുക്കുവാനുള്ള ഏരിയാ തിരിച്ചുള്ള ബോധ വൽക്കരണങ്ങൾ എന്ന രീതിയിൽ പ്രവർത്തനമാരംഭിച്ച ഹെൽപ്പടെസ്ക് മിഷൻ, പിന്നീട് കർണാടകയുടെ വിവിധ ഭാഗങ്ങളിലെ കോളേജ് ഹോസ്റ്റലുകളിലും പിജികളിലും കുടുങ്ങിപ്പോയ മലയാളികളെ, കേന്ദ്ര സർക്കാരിന്റെയും കേരള – കർണാടക സർക്കാരുകളുടെ അതതു സമയത്തെ നിർദേശങ്ങൾക്ക് പൂർണമായും വിധേയപ്പെട്ടു കൊണ്ടു സുരക്ഷിതരായി നാട്ടിൽ എത്തിക്കുകയോ, ഭക്ഷണ സൗകര്യങ്ങളോടുകൂടി ഇവിടേതന്നെയോ താമസിപ്പിക്കുക എന്ന വലിയ പ്രവർത്തനമാണ് കാഴ്ച്ച വെച്ചത്.
നിലവിലെ ലോക്ക്ഡൗൻ സാഹചര്യത്തിൽ, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വീടുകളിലും റൂമുകളിലും കഴിയുന്നവർക്ക് *Break the Chain Break the Hunger * , എന്ന പേരിൽ അവശ്യ സാധങ്ങളുടെ കിറ്റുകൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന പദ്ധതിയും, ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർക്ക് വീടുകളിൽ നിന്നും ഉണ്ടാക്കിയ ഭക്ഷണപ്പൊതികൾ എത്തിച്ചു കൊടുക്കുക, ഗ്യാസ് ഇൻഡക്ഷൻ കുക്കർ എന്നിവ എത്തിച്ചു കൊടുക്കുക, മാസ്കുകൾ സാനിറ്റായിസ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക എന്നിവ മുതൽ, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ആവശ്യമായ ഹോസ്പിറ്റലൈസേഷൻ സഹായങ്ങൾ എത്തിക്കുക , ആവശ്യമെങ്കിൽ ബന്ധപ്പെട്ട സർക്കാർ തല ഇടപെടലുകൾ ഉറപ്പുവരുത്തുക എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങളാണ് ഹെൽപ്പടെസ്ക് മിഷൻ ചെയ്യുന്നത്.ആയിരക്കണക്കിന് പേർ, ഇതുവരെ ഹെൽപ്പടെസ്ക് മിഷന്റെ ഗുണഭോക്താക്കളായികഴിഞ്ഞു.