മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട്, 1956 നവംബര്‍ ഒന്നാം തീയതി രൂപീകരിച്ച സംസ്ഥാനമാണ് കേരളം. 'ചേരളം' എന്നതില്‍ നിന്ന് രൂപംകൊണ്ട പദമാണ് 'കേരളം' എന്ന് പണ്ഡിതമതം. അറബിക്കടലിന് കിഴക്കും തമിഴ്നാടിന് വടക്കും വടക്കുപടിഞ്ഞാറും കര്‍ണാടകത്തിന് തെക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കേരളത്തിന് 38863 ച.കി.മീ. വിസ്തൃതിയുണ്ട്. തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കേരളം ഹരിതഭംഗിയാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. പ്രകൃതിരമണീയതയും അനുഗൃഹീതമായ കാലാവസ്ഥയുമാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്റെ വിശേഷണത്തെ അന്വര്ഥമാക്കുന്നത്.