മലയാളം മിഷന്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസിമലയാളികള്‍. അതുകൊണ്ടുതന്നെ വീട്ടിലൊഴികെയുള്ളിടത്തെല്ലാം ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നു. ജന്മനാടിനോടും മാതൃഭാഷയോടുമുള്ള കാല്‍പ്പനികവും ഗൃഹാതുരത്വം നിറഞ്ഞതുമായ അഭിനിവേശമാണ് ഇവരില്‍ മക്കളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹമുണര്‍ത്തിയത്.

മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും വരും തലമുറകളിലേക്ക് അത് പകര്‍ന്നുകൊടുക്കാനുള്ള ആഗ്രഹവും നിമിത്തം വളരെ ലളിതമായ വിധത്തില്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലയിടത്തും സംഘടിതമായും അല്ലാതെയും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് ഒരു ഏകീകൃത രൂപമോ ഘടനയോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ചില മലയാളി സംഘടനകള്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനുവേണ്ടി മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് 2005 നവംബര്‍ മാസത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് വിവിധ മലയാളി സംഘടനകളുടെ പങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.

മലയാളം മിഷന്‍ രൂപീകരണത്തിനുമുമ്പ്

മലയാളികളായ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ 2005 മുതല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി നൂറിലേറെ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗിക ഭാഷാവകുപ്പിന്റെ നേതൃത്വത്തില്‍ പഠനകേന്ദ്രങ്ങള്‍ക്കുളള പാഠപുസ്തകങ്ങള്‍ തയാറാക്കി നല്‍കി. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ എന്നിങ്ങനെ മൂന്നുകോഴ്‌സുകളാണ് അന്നു നിലവിലുണ്ടായിരുന്നത്. ഈ കോഴ്‌സുകള്‍ക്കു വെവ്വേറെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഡല്‍ഹി മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംരംഭത്തിലേക്ക് പുതിയ പഠനകേന്ദ്രങ്ങളും അധ്യാപകരും കടന്നുവന്നു.

ഡല്‍ഹി മലയാളഭാഷാപ്രവര്‍ത്തകസമിതിയും മേഖലാകോ-ഓര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2006-ല്‍ പൊതുപരീക്ഷ നടത്തി. പരീക്ഷയില്‍ വിജയികളായവരെ കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അംഗീകരിച്ചു.

ഡല്‍ഹിയിലെ ഈ സംരംഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മാതൃഭാഷാപഠനത്തെ സഹായിക്കുന്നതിനും, കേരള സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേക സംവിധാനം രൂപീകരിക്കുമെന്ന് 2007 നവംബര്‍ 11-ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപനം നടത്തി.

മലയാളം മിഷന്‍ യാഥാര്‍ഥ്യമാകുന്നു

മലയാളം മിഷന്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായും വിശദാംശങ്ങള്‍ കണ്ടെത്താനുമായി 2008 ജനുവരി 18-ന് കേരള ഗവണ്‍മെന്റ് സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. പ്രൊഫ. ഒ.എന്‍.വി., സുഗതകുമാരി, പിരപ്പന്‍കോട് മുരളി, എഴുമറ്റൂര്‍ രാജരാജവര്‍മ തുടങ്ങിയവര്‍ ഈ കമ്മിറ്റിക്ക് നേതൃത്വം നല്‍കി.

2008 ഏപ്രിലില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. 2009 ജനുവരി 19-ന് മലയാളം മിഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

2009 ഒക്‌ടോബര്‍ 22-ന് മലയാളം മിഷന്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ഉല്‍ഘാട ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അധ്യക്ഷത വഹിച്ചു.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യം മുന്നോട്ടു വെച്ചുകൊണ്ടുള്ള മലയാളം മിഷന്റെ പ്രയാണം ആരംഭിച്ചു.