മലയാള പഠനം

പ്രവാസിമലയാളികളുടെ മക്കള്‍ക്ക് മലയാളഭാഷ പഠിക്കുന്നതിനായി രൂപംകൊടുത്ത പാഠ്യപദ്ധതിയുടെ അടിസ്ഥാന സമീപനങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. നാലു കോഴ്സുകളിലായി പത്തുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഭാഷാപഠനമാണ് ഈ പാഠ്യപദ്ധതി നിര്‍ദേശിക്കുന്നത്. പാഠ്യപദ്ധതിയുടെ നിര്‍മാണത്തിലും ഉള്ളടക്കത്തിലും ശാസ്ത്രീയമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. പ്രവാസിമലയാളികളായ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതില്‍ അനുഭവസമ്പന്നരായ ഡല്‍ഹി പഠനകേന്ദ്രം അധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, കൈപ്പുസ്തകങ്ങള്‍ എന്നിവ രൂപപ്പെടുത്തിയിരിക്കുന്നത്. പാഠ്യപദ്ധതിനിര്‍മാണത്തില്‍ ഏറ്റവും ആധുനികമായ കാഴ്ചപ്പാട് അവലംബിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പാഠ്യപദ്ധതി സമീപനരേഖയില്‍ നല്‍കിയിട്ടുണ്ട്.

എന്തിനു മലയാളം പഠിക്കണം?

സ്വന്തം നാട്ടില്‍നിന്നും ഭാഷയില്‍നിന്നും സംസ്കാരത്തില്‍നിന്നും അകന്ന് വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസിമലയാളികള്‍. പ്രവാസിമലയാളികളായ കുട്ടികള്‍ എന്തിന് മലയാളം പഠിക്കണം? ഈ ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ: “എന്റെ നാടിന്റെ സംസ്കാരവും മാതൃഭാഷയും എന്റെ കുട്ടികള്‍ അറിഞ്ഞിരിക്കണം.” തികച്ചും ലളിതമായ ഉത്തരം. പക്ഷേ, ഈ ഉത്തരത്തിന് അവര്‍ നല്‍കുന്ന വിശദീകരണമിങ്ങനെ: * ഭാഷയുടെ വിവിധ വ്യവഹാരരൂപങ്ങള്‍ കേട്ടും വായിച്ചും തന്റേതായ രീതിയില്‍ ആശയം മനസ്സിലാക്കുന്നതിനുള്ള കഴിവു നേടുക. * സ്വന്തം ആശയങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, ഭാവന എന്നിവ അനുയോജ്യമായ രൂപത്തില്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞും എഴുതിയും അവതരിപ്പിക്കുന്നതിനുള്ള കഴിവ് നേടുക. * മലയാളഭാഷയിലുണ്ടായ സര്‍ഗാത്മകകൃതികള്‍ വായിച്ച് ആസ്വദിക്കുന്നതിനും അവയില്‍നിന്നു സ്വാംശീകരിക്കുന്ന സംസ്കാരം ജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള കഴിവു നേടുക. * മലയാളഭാഷ തന്റെ ജന്മനാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അതിലൂടെ നാടിന്റെ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നതിനും തന്റെ സ്വത്വബോധം വികസിപ്പിക്കുന്നതിനുമുള്ള കഴിവു നേടുക. പ്രവാസിമലയാളികളുടെ ഭാഷാപഠനലക്ഷ്യമായി അവര്‍ നിശ്ചയിച്ചത് ഇതുതന്നെയായിരുന്നു. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള പഠനാനുഭവങ്ങള്‍ എങ്ങനെയുള്ളതായിരിക്കണം?