ആവേശമായി മലയാണ്മ 2022

ലോക മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി മലയാളം മിഷന്‍ സംഘടിപ്പിച്ചു വരുന്ന മലയാണ്മ ആഘോഷം ഫെബ്രുവരി 20, 21, 22 തീയതികളില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളിലും, ശ്രീകാര്യം മരിയാ റാണി സെന്‍ററിലും വെച്ചുനടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മലയാണ്മ 2022 ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മരിയാ റാണി സെന്ററില്‍ വെച്ചു നടന്ന ഭാഷാ പഠന- നേതൃ പരിശീലന കളരി പ്രശസ്ത സാഹിത്യകാരനും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട അധ്യക്ഷത വഹിച്ചു.

മലയാളം മിഷന്‍റെ പ്രഥമ കണിക്കൊന്ന പുരസ്കാരം നേടിയത് മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ ആണ്. മികച്ച പ്രവാസി സംഘടനയ്ക്കുള്ള സുഗതാഞ്ജലി പുരസ്കാരം ബറോഡ മലയാളം സമാജം കരസ്ഥമാക്കി. സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച് ഭാഷയെ നവീകരിക്കാനുള്ള നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഭാഷാ പ്രതിഭാ പുരസ്കാരം പ്രവീണ്‍ വര്‍മ്മ എം കെ നേടി. ഫെബ്രുവരി 21നു നടന്ന മലയാണ്മ ഉദ്ഘാടന പരിപാടിയില്‍ വെച്ചു പിണറായി വിജയന്‍, ഗതാഗത മന്ത്രി ആന്‍റണി രാജു, ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

ഭാഷാ പഠന- നേതൃ പരിശീലന കളരിയില്‍ മലയാളം മിഷന്‍ വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള 70ഓളം പ്രതിനിധികള്‍ പങ്കെടുത്തു. കവി ഗിരീഷ് പുലിയൂര്‍, കവി വിനോദ് വൈശാഖി, കവി വി എസ് ബിന്ദു, വിദ്യാഭ്യാസ വിദഗ്ധരായ ഡോ. സേതുമാധവന്‍, ഡോ. ബി. ബാലചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ക്യാമ്പ് അംഗങ്ങളുമായി സംവദിക്കുകയും കാവ്യ സന്ധ്യയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ പഠനയാത്രയില്‍ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം, ശിവഗിരി മഠം, വര്‍ക്കല ബീച്ച് എന്നിവിടങ്ങളില്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. മഠം മേധാവി സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി. അക്കാദമിക് കോര്‍ഡിനേറ്റര്‍ കെ വി മോഹനനായിരുന്നു ക്യാമ്പ് ഡയറക്ടറുടെ ചുമതല. ഭാഷാ അധ്യാപകന്‍ ഉണ്ണി അമ്മയമ്പലം ക്യാമ്പിന്റെ ഏകോപനം നിര്‍വഹിച്ചു. മലയാളം മിഷന്‍ ഫിനാന്‍സ് ഓഫീസറും രാജിസ്ട്രാര്‍ ഇന്‍ ചാര്‍ജുമായ സ്വാലിഹ എം. വി ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.