ആമുഖം
പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. 2005 ല്‍ ഡല്‍ഹിയില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
2009 ഒക്ടോബര്‍ 22 ന് കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മലയാളം മിഷന്‍ ഉദ്ഘാടനം ചെയ്യുകയും എല്ലാ പ്രവാസി മലയാളികള്‍ക്കുമായി മലയാളം മിഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളം മിഷന്‍റെ പ്രവര്‍ത്തനം വിവിധ പ്രവാസി മേഖലകളില്‍ ആരംഭിച്ചു. സുധീരമായ ചര്‍ച്ചകളില്‍നിന്നും ഗവേഷണങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്‌സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്‌സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്) എന്നീ കോഴ്‌സുകള്‍ അടങ്ങുന്ന പാഠ്യപദ്ധതി മലയാളം മിഷനുവേണ്ടി രൂപീകരിച്ചു. നീലക്കുറിഞ്ഞി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പഠിതാവിന് കേരള പാഠാപലിയുടെ പത്താം തരം തുല്യതയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഇപ്പോള്‍ 30 രാജ്യങ്ങളില്‍ 30327 വിദ്യാര്‍ത്ഥികള്‍ പഠിതാക്കളുള്ള മലയാളം മിഷന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതാത് സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പഠനകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. പഠനകേന്ദ്രങ്ങള്‍ അടിസ്ഥാന യൂണിറ്റായും മേഖല, ചാപ്റ്റര്‍ എന്നിവ ഉപരി ഘടകങ്ങളുമായിട്ടാണ് മലയാളം മിഷന്‍റെ സംഘാടനം നടക്കുന്നത്. പ്രത്യേക പരിശീലനം കൊടുത്താണ് മലയാളം മിഷന്‍ അധ്യാപകരെ പഠനപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുക്കുന്നത്. ഈ അധ്യാപകര്‍ പൂര്‍ണ്ണമായും സന്നദ്ധസേവനം അനുഷ്ഠിക്കുന്നവരാണ്.
കോഴ്സുകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലുപരി ഇതേ പഠനകേന്ദ്രവും സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് പദ്ധതികളും മലയാളം മിഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പഠനകേന്ദ്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയവ ഇവയില്‍ ചിലതാണ്.
‘ഭൂമിമലയാളം വാര്‍ത്താപത്രിക‘ – മലയാളം മിഷന്‍റെ മുഖപത്രമാണ് ഈ വാര്‍ത്താപത്രിക.
പൂക്കാലം വെബ് മാഗസിന്‍ – മലയാളം മിഷന്‍റെ പാഠ്യപദ്ധതികളെ പിന്തുണയ്ക്കുന്നതിനും സാഹിത്യ സാംസ്കാരിക ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും എല്ലാ മാസവും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു.
റേഡിയോ മലയാളം – ലോകത്തുള്ള എല്ലാ മലയാളികളിലേക്കും മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റെയും ചരിത്രവും പുതുരുചികളും എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് റേഡിയോ മലയാളം.
സുവനീര്‍ഷോപ്പ് – മലയാളം ഒരു ഭാഷ മാത്രമല്ല. ഒരു ദേശവും സംസ്കാരവും കൂടിയാണ്. ഈ കേരളത്തിന്‍റെയും മലയാളത്തിന്‍റെയും സുവനീറുകളായി ഭാഷയെയും സാഹിത്യത്തെയും അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സുവനീര്‍ ഷോപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.
മലയാളം മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് – ലോകത്തെവിടെനിന്നും ആര്‍ക്കും ഓണ്‍ലൈനായി മലയാളം പഠിക്കുന്നതിന് സഹായിക്കുന്നതിനായി ഭൂമിമലയാളം മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്‍റെ പുതുക്കിയ ഭാഷാനയം അനുസരിച്ച് ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലേക്കാക്കുന്നതിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. പുറം കേരളത്തിലെ മലയാളിയും അകം കേരളത്തിലെ മലയാളിയും മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റേയും നേരവകാശികളാണ്. ഇതിലുള്ള എല്ലാത്തരം പ്രവണതകളും പ്രവാസി മലയാളികളിലേക്ക് എത്തിക്കുന്നതിന് പ്രധാന ചാലകശക്തിയായി മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് മലയാളം മിഷന്‍റെ ലക്ഷ്യം.
മലയാളഭാഷാ പ്രതിഭാപുരസ്കാരം – ഭാഷ വര്‍ത്തമാനകാലത്തെ ആശയം കൊണ്ടു മാത്രമല്ല, സാങ്കേതിക വിദ്യകള്‍കൊണ്ടും പ്രതിനിധാനം ചെയ്യുന്നതാകണം. ആധുനിക വിനിമയ സാങ്കേതിക വിദ്യ ഭാഷയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. ‘എന്‍റെ കംപ്യൂട്ടര്‍, എന്‍റെ ഭാഷ’ എന്ന മുദ്രാവാക്യം സൈബര്‍ സ്പേസില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന് മലയാള ഭാഷയെ സജ്ജമാക്കുന്നതില്‍ പ്രകടിപ്പിക്കുന്ന മികവിന് മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് മലയാള ഭാഷാ പ്രതിഭാ പുരസ്കാരം. 50,000/- രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ഇന്ത്യയിലെ മലയാളം മിഷന്‍ ചാപ്റ്ററുകളുടെയും മേഖലകളുടെയും എണ്ണം
ഇന്ത്യയ്ക്കകത്ത് 24, സംസ്ഥാനങ്ങളിലായി 71 മേഖലകള്‍ ഉണ്ട്.
വിദേശത്ത് മലയാളം മിഷന്‍ ചാപ്റ്ററുകളുടെയും മേഖലകളുടെയും എണ്ണം
വിദേശത്ത് 42, രാജ്യങ്ങളിലായി 87 മേഖലകള്‍
നിലവില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇന്ത്യയ്ക്കകത്തെ സംസ്ഥാനങ്ങള്‍ ഇന്ത്യയ്ക്കു പുറത്ത് രാജ്യങ്ങള്‍
മലയാളം മിഷന്‍ ഇന്ത്യയ്ക്കകത്ത് 24 സംസ്ഥാനങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ 42 രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു.
മലയാളം മിഷന്‍ അധ്യാപകരുടെയും കുട്ടികളുടെയും എണ്ണം
മലയാളം മിഷനില്‍ 4037 അധ്യാപകരും 40665 കുട്ടികളും രജിസ്റ്റര്‍ ചെയ്ത് ഭാഷാപഠനത്തില്‍ വ്യാപൃതരാണ്.